Movies
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ സംവിധായകൻ വിനയൻ രംഗത്ത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വിനയന്റെ കുറിപ്പ്.
‘ബഹു. മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത അഞ്ചു സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയടിയോടു കൈയടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവം ആയിരുന്നെന്നും മന്ത്രി പറയുന്നു.. ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?
ഏതായാലും എനിക്ക് ഒന്നറിയാം.. 2022ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിന്റെ നിർമാതാവോ അല്ല.. സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ്..
അന്നത്തെ ജൂറി മെമ്പർമാരായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചയ്ക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്..
മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'. വിനയന്റെ വാക്കുകൾ ഇങ്ങനെ.
കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കൈയടി. ലോകം കണ്ട ഇതിഹാസ നായകന് മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. മോഹന്‍ലാലിന്റെ പരിപാടിയായിരുന്നു ലാല്‍സലാം. അതിനും കൈയടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Movies
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ ബാലതാരം ദേവനന്ദ. കുട്ടികൾക്ക് നേരെ നിങ്ങൾ കണ്ണടച്ചോളാനും പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുതെന്നും കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ ജൂറി ചെയർമാനോട് മർഷം ഉണ്ടെന്നും ദേവനന്ദ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെആണ്, ഇനി വരുന്ന ഒരു തലമുറയ്ക്ക് നേരെയാണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്.
സ്താനാർത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്സും, അജയന്റെ രണ്ടാം മോഷണവും അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്.
രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ. കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്നും പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്.
എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം'.ദേവനന്ദയുടെ വാക്കുകൾ.
ദേശീയ തലത്തിൽ വരെ ചർച്ചയായ സ്ഥാനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീഷ് വിശ്വനാഥനും സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും ബാലതാരങ്ങളെ പരിഗണിക്കാതിരുന്ന ജൂറിയുടെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി.
കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് മന്മഥൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു. കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ചവച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി. ആനന്ദ് മന്മഥന്റെ വാക്കുകൾ.
Movies
മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ത്രിഡി ഫാന്റസി ചിത്രം ബറോസിൽ ത്രീഡി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വൂഡുവെന്ന അനിമേഷൻ കാരക്ടറിന് ശബ്ദം കൊടുത്ത ഹാസ്യ കലാകാരൻ വൈക്കം ഭാസിക്ക് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്.
ചിത്രത്തിൽ മോഹൻലിന്റെ കഥാപാത്രത്തിന് പ്രതിസന്ധികളിൽ മാനസികമായി പിൻബലമേകുന്ന വൂടുവിന്റെ പ്രത്യേക രീതിയിലുള്ള സംസാരശൈലിയും ചടുലമായ ശരീരഭാഷയും സിനിമയിൽ വൂടുവിനെ ഏറെ ആകർഷകമാക്കിയിരുന്നു.
അനുയോജ്യമായ ശബ്ദമായിരുന്നു ആ കഥാപാത്രത്തെ വലിയ വിജയമാക്കിയത്. വൈക്കം തലയാഴം തോട്ടകത്താണ് ഭാസിയും കുടുംബവും താമസിക്കുന്നത്. ഭാര്യ: ഷീജ, മകൻ ആയുഷ്. ഞ്ഞു.
Movies
അവലംബിത തിരക്കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ലാജോ ജോസ് ഏറ്റുമാനൂർ സ്വദേശിയാണ്. തിരക്കഥാകൃത്താകുക എന്ന ആഗ്രഹം മനസിൽ കുടിയേറിയപ്പോൾ ജോലി രാജിവച്ച് എഴുത്തിലേക്ക് തിരിയുകയായിരുന്നു.
കോഫി ഹൗസ്, റൂത്തന്റെ ലോകം, ഹൈഡ്രേഞ്ചിയ, റെസ്റ്റ് ഇൻ പീസ്, കന്യാ മരിയ എന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായി രചനകൾ. എഴുതിയ നോവലുകൾ എല്ലാംതന്നെ ശ്രദ്ധിക്കപ്പെട്ടു.
റൂത്തിന്റെ ലോകം വായിച്ച സംവിധായകൻ അമൽ നീരദ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. അദ്ദേഹവുമായി ചേർന്ന് തിരക്കഥ രചിച്ചു. ബോഗയ്ൻവില്ല സംഭവിച്ചത് അങ്ങനെയാണ്. ആദ്യ തിരക്കഥയ്ക്കു തന്നെ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലാജോ ജോസ്.
നാലു സിനിമകൾക്കുകൂടി തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്.
2027 മുതൽ ഈ സിനിമകളൊക്കെ റിലീസ് ചെയ്യും. മാടപ്പാട് വേമ്പേനിക്കൽ കുടുംബാംഗമാണ്. ഇപ്പോൾ ഏറ്റുമാനൂർ പേരൂർ കവലയ്ക്കു സമീപം താമസിക്കുന്നു. ഭാര്യ സരിത എൽഐസി ഡെവലപ്മെന്റ് ഓഫീസർ. പ്ലസ് ടു വിദ്യാർഥിനി അൽവിനയും ഏഴാം ക്ലാസ് വിദ്യാർഥി ആര്യനുമാണ് മക്കൾ.
Movies
മികച്ച നടനുള്ള പരിഗണനയിൽ മമ്മൂട്ടിയുടെ പേരിനൊപ്പം ഇഞ്ചോടിഞ്ച് മത്സരിച്ചാണ് ആസിഫ് അലിക്ക് ഒടുവിൽ പ്രത്യേക ജൂറി പരാമർശത്തിലേയ്ക്ക് മാറിപ്പോകേണ്ടി വന്നത്. വീട്ടുകാരുമൊത്ത് ലൈവായിട്ടാണ് താരം പുരസ്കാര പ്രഖ്യാപനം കണ്ടത്. ഒടുവിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോൾ സന്തോഷത്താൽ കണ്ണുനിറഞ്ഞ ആസിഫിനെ മലയാളികൾ കണ്ടു.
ലെവൽ ക്രോസ്, കിഷ്കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശ(സ്പെഷൽ ജൂറി മെൻഷൻ)മാണ് താരത്തിന് ലഭിച്ചത്. ആസിഫിന് ആദ്യമായി ലഭിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്.
മമ്മൂട്ടിയോടൊപ്പം മികച്ച നടനുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയതിലുള്ള വലിയ സന്തോഷം ആസിഫ് അലി പങ്കുവച്ചു. താൻ ഏറെ ആഗ്രഹിച്ച അംഗീകാരമാണിതെന്നും, ഇത് സ്വപ്നം കാണുക മാത്രമല്ല, അതിനായി ശ്രമിച്ചാൽ നേടാനും കഴിയുമെന്നതിന്റെ തെളിവാണ് ഈ അവാർഡ് എന്നും ആസിഫ് അലി പ്രതികരിച്ചു.
അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രം ലെവൽ ക്രോസിൽ ആസിഫ് അലിയുടെ പ്രകടനത്തെക്കുറിച്ച് എടുത്തു പറയാതിരിക്കാൻ ആകില്ല. ഒപ്പം കിഷ്കിന്ധകാണ്ഡത്തിലും രേഖാചിത്രത്തിലും ആസിഫ് തന്റേതായ അഭിനയപാടവം കാഴ്ച വച്ചു.
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടന് വിജയങ്ങളും പരാജയങ്ങളും ഒരേപോലെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2009-ൽ തുടങ്ങിയ യാത്ര 15 വർഷങ്ങൾക്കിപ്പുറം സംസ്ഥാന അവാർഡിലേയ്ക്ക് എത്തിച്ചു.
ചില സിനിമകൾ പ്രതീക്ഷിച്ച വിജയംനേടാതെ വന്നപ്പോൾ ആസിഫ് അലിയുടെ കരിയർ ഇടിഞ്ഞു എന്ന് ചില വിമർശകർ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പക്ഷേ അവയ്ക്കുള്ള ഉത്തരമായിരുന്നു ആസിഫ് അലിക്ക് 2024 നൽകിയത്.
ഇടുക്കി തൊടുപുഴ സ്വദേശിയായ ആസിഫ് ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ഋതുവിലൂടെ മലയാളസിനിമയുടെ വെളിച്ചത്തിലേയ്ക്ക് കാലെടുത്തുവച്ചെങ്കിലും ആസിഫ് ശ്രദ്ധിക്കപ്പെട്ടത് സത്യൻ അന്തിക്കാടിന്റെ കഥ തുടരും എന്ന ചിത്രത്തിലൂടെയാണ്.
മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത മറ്റൊരു സിനിമയായിരുന്നു ഇത്. ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ പിന്നീട് നായകനായെങ്കിലും ട്രാഫിക്, സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ആസിഫ് മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയനായി. തുടർന്ന് നിരവധി ചിത്രങ്ങൾ ആസിഫിന്റേതായി പുറത്തിറങ്ങി.
വിജയപരാജയങ്ങൾ തിരിച്ചറിഞ്ഞു. എല്ലാത്തിനുമൊടുവിൽ തന്റെ സ്വതസിദ്ധമായ ചിരിയിൽ ആസിഫ് എല്ലാവരുടെയും മനസ് കീഴടക്കാൻ പാകത്തിന് വളർന്നു. ആസിഫിന്റെ ചിരിക്ക് പോലും വലിയ അർഥങ്ങളുണ്ടെന്ന് കാലം തെളിയിച്ച സന്ദർഭങ്ങളുണ്ടായി. ഇപ്പോഴിതാ തന്റെ പേരിലേയ്ക്ക് ഒരു പുരസ്കാരം എഴുതിചേർക്കപ്പെട്ടപ്പോൾ അയാൾ നിറഞ്ഞു ചിരിക്കുകയാണ്.